നടന്‍ രവി പ്രസാദ് അന്തരിച്ചു

പ്രമുഖ കന്ന‍‍ഡ നടനും നാടക കലാകാരനുമായ രവി പ്രസാദ് അന്തരിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഇംഗ്ലീഷ് ഭാഷയില്‍ പി.ജിയും നിയമത്തില്‍ ഡിഗ്രിയും നേടിയ ശേഷമാണ് രവി പ്രസാദ് അഭിനയരംഗത്ത് കടന്നുവരുന്നത്. മാണ്ഡ്യയിലെ തിയേറ്റര്‍ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. ഇതിന് ശേഷം ടെലിവിഷന്‍, സിനിമാരംഗത്ത് സജീവമായി. നാടക എഴുത്തുകാരനായ ഡോ. എച്ച്‌ എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്.

ടി എസ് നാഗാഭരണ സംവിധാനം ചെയ്ത മഹാമായി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് അദ്ദേഹം സ്‌ക്രീനിലേക്ക് പ്രവേശിച്ചത്. ടി എന്‍ സീതാറാം സംവിധാനം ചെയ്ത മിഞ്ചു, മുക്ത, മുക്ത, മുക്ത, മഗളു ജാനകി, യശോധേ, വരലക്ഷ്മി സ്റ്റോഴ്‌സ്, ചിത്രലേഖ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. മഗലു ജാനകിയിലെ ചന്ദു ബര്‍ഗി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. കോഫി തോട്ട (2017) ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. മാണ്ഡ്യയിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Leave a Reply

Your email address will not be published.