എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അനുപം ഖേർ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു

ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനിലൂടെ എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം അനുപം ഖേർ മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. ചിത്രത്തിൽ ജോയിൻ ചെയ്‍തതിൻറെ സന്തോഷം അനുപം ഖേർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടൻറെ കരിയറിലെ 531-ാം ചിത്രമാണ് ഇത്. ‘ദിലീപ്, ജഗപതി ബാബു, ജോജു ജോർജ്, ജനാർദനൻ, വീണ നന്ദകുമാർ എന്നിവർക്കൊപ്പം അഭിനയിക്കാനായതിൽ ഏറെ സന്തോഷം. ചിത്രത്തിൻറെ കഥ ഏറെ ഇഷ്ടപ്പെട്ടു.

ഉഗ്രൻ സിനിമ’.- സഹതാരങ്ങൾക്കൊപ്പം ചിത്രത്തിൻറെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച്‌ അനുപം ഖേർ കുറിച്ചു. 2014ൽ പ്രദർശനത്തിനെത്തിയ കളിമണ്ണ് എന്ന സിനിമയിലാണ് മലയാളത്തിൽ അനുപം ഖേർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

എന്നാൽ പല കാരങ്ങളാൽ ചിത്രീകരണം താൽകാലികമായി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. സിദ്ദിഖ്, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റാഫി തന്നെയാണ് ചിത്രത്തിന്റെ രചനയും. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്.

സംഗീതം ജസ്റ്റിൻ വർഗീസ്‌, എഡിറ്റിങ് ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, പിആർഒ: പി. ശിവപ്രസാദ് മഞ്ജു ഗോപിനാഥ്.

Leave a Reply

Your email address will not be published.