ആസിഫ് അലിയുടെ കൊത്ത് തിയേറ്ററുകളിലേക്ക്

ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിബി മലയിൽ ചിത്രം കൊത്തിൻറെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്‌റ്റംബർ 23 ന് ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിൻറെ പ്രിയ സംവിധായകരിലൊരാളായ സിബി മലയിൽ നീണ്ട ആറ് വർഷത്തെ ഇടവേളക്ക് ശേഷം അണിയിച്ചൊരുക്കുന്ന ചിത്രം കൂടിയാണ് കൊത്ത്. പ്രേക്ഷകരും ആരാധകരും ഒരുപോലെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം റോഷൻ മാത്യുവും പ്രധാന വേഷത്തിലുണ്ട്.

രാഷ്‌ട്രീയ കൊലപാതകം പശ്ചാത്തലമാക്കി നിർമിക്കുന്ന ചിത്രമാണ് കൊത്ത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അയ്യപ്പനും കോശിയും പോലുള്ള ഹിറ്റ് സിനിമകൾ പ്രേക്ഷകരിലെത്തിച്ച ഗോൾഡ് കോയിൻ മോഷൻ പിക്‌ചർ എന്ന സംവിധായകൻ രഞ്‌ജിത്തിൻറെയും പിഎം ശശിധരൻറെയും ബാനറാണ് സിനിമയുടെ നിർമാണം. ഹേമന്ദ് കുമാറാണ് കൊത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റർ റതിൻ രാധാകൃഷ്‍ണനാണ്. ഗിരീഷ് മാരാർ (ചീഫ് അസോസിയേറ്റ് ഡയറക്‌ടർ), കൈലാസ് മേനോൻ (സംഗീതം), ജേക്‌സ്‌ ബിജോയ് (പശ്ചാത്തല സംഗീതം), ബാദുഷ (പ്രൊഡക്ഷൻ കൺട്രോളർ), അഗ്നിവേശ് രഞ്‌ജിത്ത് (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ), പ്രശാന്ത് മാധവ് (പ്രൊഡക്ഷൻ ഡിസൈനർ), ഗണേഷ് മാരാർ (സൗണ്ട് ഡിസൈൻ) എന്നിവരാണ് കൊത്തിൻറെ അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published.