മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89 മത്‌ പിറന്നാള്‍

മലയാളത്തിലെ നിരാശാകാമുകന്മാര്‍ക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്.1962ലാണ് മാധവന്‍ നായര്‍ എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്.

മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചയ്ക്കൊപ്പം സഞ്ചരിച്ച മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89 മത്‌ പിറന്നാള്‍.

ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവിനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്‌ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ ലിപികളില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.

1933 സെപ്റ്റംബര്‍ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി മധുവിന്റെ ജനനം. പഠനകാലത്ത് നാടക രംഗത്ത്‌ സജീവമായി. പിന്നീട്‌ കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നാഗര്‍കോവിലിലെ ST ഹിന്ദു കോളേജിലും സ്കോട്ട് ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപകന്‍ ആയി സേവനമനുഷ്ഠിച്ചു.

1959 ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.

Leave a Reply

Your email address will not be published.