പൊന്നിയിൻ സെൽവനിൽ മധുരാന്തക ചോഴനായി റഹ്മാൻ !

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്ര നോവലായ “പൊന്നിയിൻ സെൽവൻ” അഞ്ചു ഭാഷകളിൽ, രണ്ടു ഭാഗങ്ങളായി മണിരത്നം വെള്ളിത്തിരയിലാക്കുമ്പോൾ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പ്രശസ്തരും പ്രഗത്ഭരുമായ അഭിനേതാക്കളാണ്. വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ,ഐശ്വര്യാ റായ് ബച്ചൻ , തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിര തന്നെ പൊന്നിയിൻ സെൽവനിൽ അണി നിരക്കുന്നു.

ഓരോ ദിവസവും അണിയറക്കാർ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ വലിയ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കയാണ്. മറ്റു താരങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുളള സസ്പെൻസ് നില നിൽക്കെ ഏറ്റവും ഒടുവിലായി മലയാളി താരം റഹ്മാൻ അവതരിപ്പിക്കുന്ന മധുരാന്തക ഉത്തമ ചോഴൻ, പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴൻ, ജയചിത്ര അവതരിപ്പിക്കുന്ന മധുരാന്തകൻ്റെ മാതാവ് സെമ്പിയൻ മാദേവി എന്നീ കഥാപാത്രങ്ങളുടെ ക്യാരക്ടർ ലുക്ക് മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ .അതും വലിയ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ്.

ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ” പൊന്നിയിൻ സെൽവൻ “
മണിരത്നത്തിൻ്റെ മെഡ്രാസ് ടാക്കീസും ,സുഭാസ്‌ക്കരൻ്റെ ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ഒന്നാം ഭാഗം ( പി എസ് 1) സെപ്റ്റംബർ 30 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റീലീസ് ചെയ്യുക. കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസിനാണ്.
പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് “പൊന്നിയിൻ സെൽവൻ”. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. രവി വർമ്മൻ്റെ ഛായഗ്രഹണം കാണികൾക്ക് മനോഹര ദൃശ്യ വിരുന്നൊരുക്കുമ്പോൾ ഏ.ആർ.റഹ്മാൻ്റെ സംഗീതം ആസ്വാദകർക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു.

വാർത്താ വിതരണം: സി.കെ.അജയ് കുമാർ , പി ആർ ഒ

Leave a Reply

Your email address will not be published.