മൂസ പുതിയ ഭാവത്തിൽ ഉത്തരേന്ത്യയിൽ, സുരേഷ് ​ഗോപിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’യിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ വിവിധ ഭാവങ്ങളിലുള്ള സുരേഷ് ഗോപിയാണ് പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളിലുള്ളത്.

ഇന്ത്യൻ ആർമിയിൽ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 1998 മുതൽ 2018 വരെയുള്ള കാലഘട്ടം കേന്ദ്രീകരിച്ചാകും ചിത്രം കഥ പറയുക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പട്ടാള പശ്ചാത്തലത്തിലാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. ദൽഹി, ജയ്പൂർ, പുഞ്ച്, വാഗാ അതിർത്തി എന്നിവിടങ്ങളിലാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്.

‘മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്ന് സുരേഷ് ഗോപി മുമ്ബ് പറഞ്ഞിരുന്നു. ഭാരതത്തിൻറെ അഖണ്ഡതക്ക് വിവിധ കോണുകളിൽ ചോദ്യം ചിഹ്നമായുയരുന്ന ജൽപ്പനങ്ങൾക്ക് അറുതി വരുത്താൻ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബും വ്യക്തമാക്കി. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിൻറെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം.

സൈജു ക്കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻറണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ, എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. റുബീഷ് റെയ്ൻ ആണ് ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.

എഡിറ്റിങ്-സൂരജ് ഇ.എസ്. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ. അസോസിയേറ്റ് ഡയറക്ടേർസ് – ഷബിൽ, സിൻറോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. പി.ആർ.ഒ-വാഴൂർ ജോസ്. ഫോട്ടോ-അജിത്.വി.ശങ്കർ. കോൺഫിഡൻറ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിൻറെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവർ നിർമ്മിക്കുന്ന ‘മേം ഹൂം മൂസ’യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ചിത്രം സെപ്റ്റംബർ 29ന് പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published.