വിവാഹ വാർഷിക ദിനത്തിൽ പുത്തൻ സന്തോഷം പങ്കിട്ട് മുക്ത, ആശംസകളുമായി മലയാളികൾ

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയരംഗത്തേക്ക് എത്തുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ പിന്നീട് മുക്ത മലയാളികൾക്ക് സമ്മാനിച്ചു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടി കൂടത്തായി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ മുക്തയുടെ മകൾ കൺമണി എന്ന് വിളിക്കുന്ന കിയാര പത്താംവളവ് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടു വച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിലും വളരെ സജീവമായ മുക്ത പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെയും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. യൂട്യൂബ് വ്ലോഗിങ്ങിലും മുക്ത സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ചിരിക്കുന്ന പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ ഏഴാം വിവാഹവാർഷിക ആഘോഷത്തേക്കുറിച്ചാണ് മുക്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളായി തന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളുമൊക്കെ മുക്ത ഷെയർ ചെയ്തിരുന്നു.

ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒരുമിച്ചുള്ള….. 7 വർഷങ്ങൾ, വിവാഹ വാർഷിക ആശംസകൾ എന്ന് പറഞ്ഞു കൊണ്ടാണ് മുക്ത ഭർത്താവ് റിങ്കുവിനും മകൾ കിയാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ മറ്റൊരു സന്തോഷം കൂടി മുക്തയേയും കുടുംബത്തേയും തേടിയെത്തിയിട്ടുണ്ട്.

അഭിനയത്തിനും നൃത്തത്തിനും പുറമേ മികച്ചൊരു വ്ലോഗർ കൂടിയാണ് മുക്ത. തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും ഷൂട്ടിങ് വിശേഷങ്ങളുമെല്ലാം മുക്ത യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്. മുക്ത ആൻഡ് കൺമണി ഒഫീഷ്യൽ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇപ്പോൾ യൂട്യൂബ് സിൽവർ ബട്ടൺ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. വിവാഹ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് തന്ന സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് മുക്ത ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. 2015 ഓഗസ്റ്റ് 30 നായിരുന്നു ഇരുവരുടേയും വിവാഹം.

Leave a Reply

Your email address will not be published.