കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ടീമിന്റെ ‘ഒറ്റ്’ റിലീസ് മാറ്റി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ റിലീസ് തീയതി മാറ്റി. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം പതിപ്പിൻറെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. സെപ്റ്റംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്.

ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഈ ചിത്രത്തിനു വേണ്ടി ചോരയും നീരും കൊടുത്തിട്ടുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമാണിത്. രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരെയാണ് മനസിൽ കാണുന്നത്. ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published.