Tag Archives: Mithra Kurian

അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താൻ ഞാൻ ഏറെ സമയമെടുത്തു- മിത്ര കുര്യൻ

മിനിസ്‌ക്രീനിലൂടെ മടങ്ങി വരവ് നടത്തിത്തിയിരിക്കുകയാണ് നടി മിത്ര കുര്യൻ. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെ മിനിസ്‌ക്രീനിലൂടെ എത്തുന്നത്. അമ്മമകൾ എന്ന പരമ്പരയിലൂടെയാണ് തിരിച്ച്‌ വരവ്. എന്നാൽ ഇപ്പോൾ തന്റെ സീരിയലിലേക്കുള്ള വരവിനെ കുറിച്ച്‌ സംസാരിക്കുകയാണ് മിത്ര.’

‘അതൊരു കഠിനമായ തീരുമാനമായിരുന്നു, അതിലേക്ക് എത്താൻ ഞാൻ ഏറെ സമയമെടുത്തു. സിനിമ എന്നതിനുള്ളിൽ നിന്ന് ടിവിയിലേക്ക് വരുന്നത് അത്ര എളുപ്പമെടുക്കാവുന്ന തീരുമാനമായിരുന്നില്ല. അക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും എനിക്ക് അഭിനയിക്കണം എന്നത് തീർച്ചയായിരുന്നു. ബിഗ് സ്‌ക്രീനിലൂടെ ആയാലും മിനി സ്‌ക്രീനിലൂടെ ആയാലും എനിക്ക് അഭിനയലോകത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആവേശമായിരിക്കാം എന്നെ ഇന്ന് ഇവിടെ എത്തിച്ചത്.’

‘കോവിഡ് സമയത്താണ് ഞാൻ അമ്മ മകളുടെ കഥ കേൾക്കുന്നത്. അമ്മയും മകളും തമ്മിലുള്ള അതുല്ല്യമായ ആ പ്രമേയം എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ എനിക്ക് വേണ്ട സമയമെടുത്തു, അതിന്റെ ഗുണദോഷങ്ങൾ ആലോചിച്ച ശേഷം, ഒരു ശ്രമം നടത്തിക്കളയാം എന്ന് തീരുമാനിച്ചു. എന്തായാലും ഇപ്പോൾ ഞാൻ ഈ ജോലി ആസ്വദിക്കുന്നുണ്ട്,’ മിത്ര പറഞ്ഞു.

‘സീരിയലുകൾ എനിക്ക് ശരിയാകുമോ എന്ന ടെൻഷനും എനിക്ക് ഉണ്ടായിരുന്നു. ക്യമറയ്ക്ക് മുന്നിൽ എങ്ങനെ അഭിനയിക്കണം എന്നൊക്കെ അറിയാം, പക്ഷേ ഇത് തീർത്തും വ്യത്യസ്‌തമായ ലോകമാണ്. ഞാൻ മെലോഡ്രാമാറ്റിക് ആയി മാറുമോ എന്ന ആശങ്കയൊക്കെ എനിക്കുണ്ടായിരുന്നു. സിദ്ധിഖ് സാറിനാണ് (സംവിധായകൻ സിദ്ധിഖ്) ഞാൻ നന്ദി പറയുന്നത്. ഏറ്റവും നല്ല സ്വാഭാവിക അഭിനയമാണ് ഞാൻ പഠിച്ചത്.’ മിത്ര കൂട്ടിച്ചേർത്തു.

സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസങ്ങളും മിത്ര ചൂണ്ടിക്കാട്ടി. സിനിമയിൽ ഒരു ദിവസം രണ്ടോ മൂന്നോ സീനുകളാണ് തീർക്കുന്നതെങ്കിൽ സീരിയലിൽ 45 മിനിറ്റ് കൊണ്ട് ഒരു എപ്പിസോഡ് പൂർത്തിയാകുമെന്ന് മിത്ര പറഞ്ഞു. മറ്റൊരു വ്യത്യാസം ഡയലോഗ് പ്രോംപ്റ്റിംഗാണ്. ഇത് നമ്മളെ മടിയനാക്കുകയും നമ്മുടെ കഴിവുകളെ ബാധിക്കുകയും ചെയ്യുമെന്ന് കരുതുന്നു.സിനിമകളിൽ സ്ക്രിപ്റ്റ് വായിച്ച്‌ പഠിച്ച്‌ ചെയ്യുന്നത് കൊണ്ട് തന്നെ സ്വാഭാവിക അഭിനയം നടക്കുമെന്നും മിത്ര പറഞ്ഞു. ഭാവിയിൽ സിനിമകൾ വരുമ്ബോൾ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന പ്രതീക്ഷയും താരം പങ്കുവച്ചു. ഒപ്പം നല്ല സീരിയലുകൾ വന്നാൽ അത് ചെയ്യുമെന്നും വ്യക്തമാക്കി.

അതേസമയം, സീരിയലുകൾ അവിഹിതത്തെ മഹത്വൽക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകൾ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്ന് തന്നെയാണെന്നും അതുകൊണ്ട് സമൂഹത്തിൽ കാണുന്ന കാര്യങ്ങളൊക്കെ സിനിമയിലും സീരിയലിലും കാണുമെന്നുമായിരുന്നു മിത്രയുടെ മറുപടി. സീരിയലുകളെ വിമര്ശിക്കുന്നവർ അത് കാണുന്നവർ അല്ലെന്നും അതിന്റെ പ്രേക്ഷകർ അത് ആസ്വദിക്കുന്നുണ്ടെന്നും മിത്ര പറഞ്ഞു. സീരിയലിന് ഒരിക്കലും സിനിമ പോലെയാകാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

എന്നാൽ വരുംകാലങ്ങളിൽ സീരിയലുകളിൽ കാര്യമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മിത്ര പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ ഇപ്പോൾ സീരിയലുകൾ കാണാൻ തുടങ്ങിയിട്ടുണ്ട്. വെബ്‌സീരീസും മറ്റുമായി പലവിധ ഉള്ളടക്കങ്ങൾ കാണുന്ന യുവാക്കൾ ടെലിവിഷനിലേക്ക് എത്തുമ്പോൾ എല്ലാം മാറുമെന്ന് മിത്ര പറഞ്ഞു.