Tag Archives: Nna Thaan Case Kodu

കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് 50 കോടി ക്ലബിൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് 50 കോടി ക്ലബിൽ. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ചിത്രം.

പുറത്തിറങ്ങുന്നതിന് തൊട്ടു മുന്നോടിയായി ഒരുപാട് വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണിത്. റിലീസിനോടനുബന്ധിച്ച്‌ മാധ്യമങ്ങളിൽ വന്ന പരസ്യം വലിയ ചർച്ചയായിരുന്നു. തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് വിവാദമായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമർശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്തായിരുന്നു ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ അരങ്ങേറി.

സി.പി.എമ്മിന്റെ സൈബർ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സർക്കാറിനെതിരേയുള്ള വിമർശനമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമാണവും നിർവ്വഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. രതീഷ് പൊതുവാൾ തന്നെയാണ് തിരക്കഥ ഒരുക്കിയത്. സൂപ്പർ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.