Tag Archives: Suresh Gopi

‘മേ ഹും മൂസ’ സെപ്റ്റംബര്‍ 30 ന്; ബുക്കിം​ഗ് ആരംഭിച്ചു

സുരേഷ് ഗോപി വേറിട്ട ലുക്കിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബാണ്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിൻറെ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചതായാണ് വിവരം.

കേരളത്തിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേർ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി.

മലപ്പുറം സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എൻറർടെയ്നറായാണ് അവതരിപ്പിക്കുന്നത്. കോൺഫിഡൻറ് ഗ്രൂപ്പിൻറെയും തോമസ് തിരുവല്ല ഫിലിംസിൻറെയും ബാനറിൽ ഡോ.സി.ജെ.റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൂനം ബജ്വയാണ് നായിക. അശ്വിനി റെഡ്ഡി, സൈജു കുറുപ്പ്, ജോണി ആൻറണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ദ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

മൂസ പുതിയ ഭാവത്തിൽ ഉത്തരേന്ത്യയിൽ, സുരേഷ് ​ഗോപിയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’യിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ വിവിധ ഭാവങ്ങളിലുള്ള സുരേഷ് ഗോപിയാണ് പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളിലുള്ളത്.

ഇന്ത്യൻ ആർമിയിൽ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 1998 മുതൽ 2018 വരെയുള്ള കാലഘട്ടം കേന്ദ്രീകരിച്ചാകും ചിത്രം കഥ പറയുക. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പട്ടാള പശ്ചാത്തലത്തിലാണ് ചിത്രം കഥ അവതരിപ്പിക്കുന്നത്. ദൽഹി, ജയ്പൂർ, പുഞ്ച്, വാഗാ അതിർത്തി എന്നിവിടങ്ങളിലാണ് ഉത്തരേന്ത്യൻ രംഗങ്ങൾ ചിത്രീകരിച്ചത്.

‘മേം ഹും മൂസ’ ദേശീയത പറയുന്ന ചിത്രമാകുമെന്ന് സുരേഷ് ഗോപി മുമ്ബ് പറഞ്ഞിരുന്നു. ഭാരതത്തിൻറെ അഖണ്ഡതക്ക് വിവിധ കോണുകളിൽ ചോദ്യം ചിഹ്നമായുയരുന്ന ജൽപ്പനങ്ങൾക്ക് അറുതി വരുത്താൻ മൂസക്ക് സാധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബും വ്യക്തമാക്കി. രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിൻറെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം.

സൈജു ക്കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആൻറണി, മേജർ രവി, പുനം ബജ്‍വ, അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, ശ്രിന്ദ, എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. റുബീഷ് റെയ്ൻ ആണ് ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.

എഡിറ്റിങ്-സൂരജ് ഇ.എസ്. കലാസംവിധാനം -സജിത് ശിവഗംഗ. മേക്കപ്പ്-പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ. അസോസിയേറ്റ് ഡയറക്ടേർസ് – ഷബിൽ, സിൻറോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ. പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ. പി.ആർ.ഒ-വാഴൂർ ജോസ്. ഫോട്ടോ-അജിത്.വി.ശങ്കർ. കോൺഫിഡൻറ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിൻറെ ബാനറിൽ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവർ നിർമ്മിക്കുന്ന ‘മേം ഹൂം മൂസ’യുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുകയാണ്. ചിത്രം സെപ്റ്റംബർ 29ന് പ്രദർശനത്തിനെത്തും.

സുരേഷ് ഗോപി വീണ്ടും ചന്ദ്രചൂഡനാകുന്നു; സത്യമേവ ജയതേ രണ്ടാം ഭാഗം ഉടനെയെന്ന് സംവിധായകൻ വിജി തമ്പി

2000-ത്തിൽ റിലീസായ സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനകൾ നൽകി സംവിധായകൻ വിജി തമ്പി. സുരേഷ് ഗോപി നായകനായെത്തിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്നും അദ്ദേഹം അഭിപ്രായങ്ങൾ തേടിയിരുന്നു.

Suresh Gopi

സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി സിനിമ പ്രേമികളാണ് ചന്ദ്രചൂഢന്റെ രണ്ടാം വരവിനെ സ്വീകരിച്ചത്. മികച്ച പ്രതികരണങ്ങളാണ് രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘നീണ്ട 22 വർഷം കഴിഞ്ഞെങ്കിലും ചന്ദ്രചൂഡൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നറിഞ്ഞതിൽ സംവിധായകനെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയ നിമിഷം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

Suresh Gopi

ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയ അലക്‌സ് കടവിലും ജിഎ ലാലും ജീവിച്ചിരിപ്പില്ല. എങ്കിലും രണ്ടാം ഭാഗത്തിന് അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് സംവിധായകൻ. തിരക്കഥയിൽ പൂർണ്ണ വിശ്വാസം വന്നശേഷമേ ക്യാമറ ചലിപ്പിക്കുവെന്ന് വിജി തമ്ബി ചന്ദ്രചൂഡന്റെ ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മികച്ച തിരക്കഥയാകണമെന്ന് നിരവധി പേർ കമന്റ് ചെയ്തതിന് പിന്നാലെയാണ് മറുപടി. പ്രേക്ഷകർ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതി;ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ; സുരേഷ് ​ഗോപി

പ്രിയ സുഹൃത്ത് രതീഷിനെക്കുറിച്ച്‌ വികാരാധീനനായി സംസാരിച്ച്‌ സുരേഷ് ​ഗോപി. ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’ എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ​ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ​ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ്‌ കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്. അതുകൊണ്ടാണ്. രതീഷിന്റെ കുടുംബം സുരേഷ് ​ഗോപിക്ക് പ്രിയപ്പെട്ടതാകുന്നത്.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് രതീഷ്, നായകനായും, സഹ നടനായും, വില്ലനായും ഒരുപാട് കഥാപത്രങ്ങൾ മലയാള സിനിമയിൽ തകർത്ത് അഭിനയിച്ച പ്രതിഭ, ആലപ്പുഴയിലെ കലവൂരിൽ പുത്തൻപുരയിൽ രാജഗോപാൽ പത്മാവതിയമ്മ മകനായി ജനിച്ചു. ഷേർളി, ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലും ചേർത്തല എസ്.എൻ കോളേജിലും വിദ്യാഭ്യാസം. ജയന്റെ വിയോഗ ശേഷം മലയാള സിനിമയുടെ തുടിപ്പ് രതീഷ് ആയിരുന്നു. 1977-ൽ പുറത്തിറങ്ങിയ വേഴാമ്പൽ എന്ന സിനിമയിലൂടെയാണ് രതീഷ് സിനിമ രംഗത്ത് എത്തുന്നത്. 88 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്, പിന്നീടാണ് അത് മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സാമ്രാജ്യമായി മാറിയത്.

ശേഷം അദ്ദേഹം സിനിമ രംഗത്ത് നിന്ന് നാലു വർഷത്തോളം മാറി നിന്നിരുന്നു. ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.സിനിമ കൂടാതെ അദ്ദേഹം സീരിയൽ രംഗത്തും വളരെ സജീവമായിരുന്നു. കൂടാതെ അദ്ദേഹം ഒരു നിർമാതാവ് കൂടിയായിരുന്നു. 2002 ഡിസംബർ 23-ന് നെഞ്ചുവേദനയെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അവിടെവച്ച്‌ അന്തരിച്ചു. ഭാര്യ ഡയാന മുൻ മന്ത്രി എം.കെ. ഹേമചന്ദ്രന്റെ മകളായിരുന്നു. ഇവർക്ക് നാല് മക്കളാണ് ഉള്ളത്, പാർവ്വതി രതീഷ് , പത്മരാജ് രതീഷ്, പത്മ രതീഷ്, പ്രണവ്, എന്നാൽ രതീഷിന്റെ ഭാര്യ ഡയാനയും 2014 ൽ യാത്രയായി.